Thursday, February 28, 2013

വിനയചന്ദ്രികേ ..... നീ 

വിനയചന്ദ്രികേ  നീ  മറഞ്ഞതെന്തേ 
തനിയെ നീ  പാടി പറന്നതെന്തേ?
കുളിര്‍തെന്നലായ്   നിന്‍ കവിതയൊഴുകിയെത്തി
നറുമണം തുവിയൊരു  തേങ്ങലായെങ്ങുപോയി 
വഴിവെളിച്ചമായിയീ  അന്ധകാരത്തില്‍ 
വഴിതെളിക്കുന്ന മണ്‍ചെരാതാണു  നീ 
പതിത ഹൃദയത്തിലൊരു കുളിര്‍ചന്ദനം 
അതിലോലമായ് ലേപനം ചെയ്തുവോ 
യവനികയ്ക്കു പിന്നിലനേക കാതങ്ങളകലെ 
അവനിയിലൊരേകാന്ത  പഥികനെപ്പോലെ നീ 
നടന്നകന്നതെന്തേ വിപരീതദിശയില്‍ 
നടന്നകന്ന വീഥികളിലൊരു  നെടുവീര്‍പ്പുതിര്‍ത്തുവോ 
അടര്‍ന്നുവീണ  നിന്‍  പാദധുളികളില്‍ 
വിടര്‍ന്നുല്ലസിച്ചു  കാവ്യകുസുമങ്ങള്‍ 
എരിഞ്ഞടങ്ങാത്ത ജീവിതസന്ധ്യയില്‍ 
വിരിഞ്ഞിതല്ലോ  കനകമണി  കവിതകള്‍ 
ഉഴുതുമറിച്ചിട്ട  ഹൃദയവ്യഥകളില്‍ 
തൊഴുതു  കൈകൂപ്പി  വിട  ചൊല്ലിയതെന്തുനീ?
കണ്ണുനീര്‍ ചാലുകൊണ്ടൊരു  തേക്കുപാട്ടുമായ് 
വിണ്ണില്‍  നിന്‍കവിതകള്‍  കുളിര്‍മഴയായ്  പെയ്തുവോ 
വാമൊഴിയായ്, വരമൊഴിയായ്  നിന്‍കവിതകള്‍ 
അഴകൊഴുകുമണിവയല്‍  കതിര്‍കുലകളായ് 
കൊയ്തെടുത്തോരോ  കതിര്‍കറ്റകളുമുതിര്‍മണികളും 
മെതിച്ചു, ചവിട്ടിമെതിച്ചു  നീഎനിക്കായ്കരുതിവെച്ചു 
പാടാത്ത  കവിതയായ് നിന്‍ ജീവിത -
മാടാത്ത  നാടകം  യവനികയ്ക്കു  പിന്നിലോ 
നിന്‍  കവിതാധ്വനികളോളങ്ങള്‍  തീര്‍ക്കുന്ന 
എന്‍  മനസ്സിന്‍റെ  തീരത്തുനിന്നെയും  കാത്തുഞാന്‍ 
അകലേക്കു  തുഴഞ്ഞുപോയതെന്തേയീ  തീരത്തണയാതെ 
അരികിലെക്കിനിയെന്നുവരുമെന്‍റെ  വിനയചന്ദ്രികേ... 
നവനീതമായ്  നിന്‍  ഹൃദയനൈര്‍മല്യം 
അവനിയിലൊഴുകിയെത്തുന്നു  കുളിരരുവിയായ് 
ഇനിയെന്നു  പാടും  നിന്‍ഹൃദയവ്യഥകള്‍ 
തനിയെ നീ  നടന്നുപോയി ഒടുവിലൊ-
രൊറ്റ  വരിക്കവിതായ്  നിന്‍  ജീവിതം 
വേരറ്റുവോ  നിന്‍  കവിതതന്‍ മഹാവടവൃക്ഷ-
ഛായയില്‍  ഇനിയെത്ര  കഥകള്‍  പാടിപ്പറന്നുവോ  കവികള്‍ 
ചാമരം  വീശിത്തലോടി  ഒരുണര്‍ത്തുപാട്ടിന്നീരടികളായ് 
അകലേക്ക്‌  മറഞ്ഞുപോയീ  നിന്‍  നിഴലുപോലും 
അകതാരിലിന്നും  നിന്‍  കവിതതന്നീണം  
ഒരു  മയില്‍[പ്പീലിയായ്  സുക്ഷിപ്പു  ഞാനേകാന്തപഥികാ... 
അരുമയായ്  ഒരു നെയ്ത്തിരി  വെട്ടമായ് 
ഒരുവേള  നിന്‍വിളിക്കായ്‌ കാതോര്‍ത്തിരിപ്പു ഞാന്‍ ,
കരുതിവെക്കും  ഞാനെന്‍  ഹൃദയ  തന്ത്രികളിലെയീണം    

11/02/ 2013 ന്  അന്തരിച്ച  പ്രശസ്ത  കവി  ശ്രി  ഡി . വിനയചന്ദ്രന്‍റെ  ഓര്‍മയ്ക്ക് മുന്നില്‍ ......